കണ്ണും കാഴ്ചയും പിന്നെ തലച്ചോറും
മികച്ച അധ്യാപകനുള്ള സംസ്ഥാന, ദേശീയ അവാര്‍ഡ് നേടിയ പ്രദീപ് കണ്ണങ്കോട് പത്താം ക്ലാസിലെ ബയോളജി പാഠപുസ്തകത്തിലെ ഒന്നാം യൂണിറ്റുമായി ബന്ധപ്പെട്ട് ഒരു നോട്ട് അയച്ചു തന്നിരുന്നു. ഒരു കാഴ്ച കാണുമ്പോള് അത് കണ്ണും കാഴ്ചയും തലച്ചോറുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടല്ലോ. ഇതേക്കുറിച്ച് കുട്ടികളാരെങ്കിലും നമ്മളോട് ചോദിച്ചാല്‍? നമ്മുടെ വിഷയമല്ലെങ്കില്‍ക്കൂടി പത്താം ക്ലാസില്‍ വച്ച് നമ്മളെല്ലാവരും ഇതെല്ലാം പഠിച്ചിട്ടുള്ളതാണല്ലോ? നമുക്ക് മറുപടി പറയാന്‍ കഴിയുമോ? പ്രതീപ് സാറിന്റെ നോട്ടുകളെ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഇന്ററാക്ടീവ് ഫ്ലാഷ് ഫയലാക്കി അയച്ചു തന്നിരിക്കുകയാണ് മലപ്പുറം ആതവനാട്ടിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ പി. ജിതേഷ് സാര്‍. പ്രതീപ് സാറിന്റെ നോട്ടുകളും അതിന്റെ ഫ്ലാഷ് ഫയലും ചുവടെ ഡൌണ്‍ലോഡ് ചെയ്യാനാകും വിധത്തില്‍ നല്‍കിയിരിക്കുന്നു.
കല്‍ക്കട്ടയില്‍ നടന്ന കുട്ടികളുടെ ദേശീയ ശാസ്ത്രനാടക മേളയില്‍ മികച്ച നാടകരചനയ്ക്കുള്ള അവാര്‍ഡാണ് ഇക്കുറി പ്രദീപ് സാറിന് ലഭിച്ച വിവരം എല്ലാവരും അറിഞ്ഞിട്ടുണ്ടാകുമല്ലോ. വടകര മേല്‍മുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച 'ഇവള്‍ എന്റെ മകള്‍' എന്ന നാടകത്തിനാണ് അവാര്‍ഡ്. ജനിതക രഹസ്യത്തെ ക്കുറിച്ചുള്ള അറിവില്ലായ്മമൂലം കുടുംബവും സമൂഹവും അവഹേളനപാത്രമാക്കിയ ഒരു പെണ്‍കുട്ടിയുടെ ആത്മസംഘര്‍ഷത്തിന്റെ കഥയാണ് നാടകം പറയുന്നത്. ശാസ്ത്രനാടകത്തെ ജനകീയമാക്കാന്‍ തിയേറ്റര്‍ സാധ്യതകളില്‍ ഗവേഷണം നടത്തുന്ന ഇദ്ദേഹം 40ല്‍പ്പരം നാടകങ്ങള്‍ രചിച്ചിട്ടുണ്ട്.